ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സ്വാതന്ത്ര്യാനന്തരം 1950 ലെ മദ്രാസ് വില്ലേജ് പഞ്ചായത്ത് ആക്ട് പ്രകാരം നിലവിലുണ്ടായിരുന്ന മയ്യിൽ, കയരളം, കണ്ടക്കൈ വില്ലേജ് പഞ്ചായത്തുകളെ സംയോജിപ്പിച്ച് ഇന്നത്തെ മയ്യിൽ ഗ്രാമ പഞ്ചായത്ത് രൂപം കൊള്ളുന്നത് 1962 ജനുവരി ഒന്നിനാണ്.തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവില്‍ വരുന്നത് 1964 ജനുവരി 1. പ്രസ്തുത ഭരണ സമിതി 1979 വരെ തുടര്‍ന്നു. വീട്ടുനികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നീ ഇനങ്ങളിലായിരുന്നു പ്രധാന വരുമാനം. ഈ വരുമാനംകൊണ്ട് മാത്രം വികസന പ്രവര്‍ത്തനങ്ങൾ നടത്തുന്നതിനു സാധ്യമല്ലായിരുന്നു. അന്നുമുതലുള്ള ശക്തമായ ബഹുജന അടിത്തറയിൽ നിന്നുമാണ് മയ്യിലിന്റെ അനുക്രമമായ വികസനത്തിന് അടിത്തറ പാകിയത്.
കേരളത്തില്‍ 1996ല്‍ ആരംഭിച്ച ജനകീയാസൂത്രണ പരിപാടി വികേന്ദ്രീകൃത ഭരണ ചരിത്രത്തിലെ നിര്‍ണ്ണായക ഇടപെടലാണ്. പൊതുജനാരോഗ്യം, പൊതു വിദ്യാഭ്യാസം,അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ അധികാര വികേന്ദ്രീകരണ പ്രക്രിയയിലൂടെ സാധിച്ചിട്ടുണ്ട്. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വികസനാവശ്യങ്ങള്‍ക്കായി അധികാര ധനകൈമാറ്റം ചെയ്യുന്നതിലും വനിതകളുടെയും ദുര്‍ബലവിഭാഗങ്ങളുടെയും സാന്നിധ്യം ഉറപ്പു വരുത്തി കാര്യക്ഷമത ഉറപ്പാക്കിയതിലൂടെയുമാണ് ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ സാദ്ധ്യമായത്. അതുകൊണ്ടാണ് “മാനവികതയെ വിജയകരമായി ഉപയോഗോക്കുന്നതും യുക്തിചിന്തനത്തെയും പൊതു സംവാദത്തെയും ആശ്രയിക്കുന്നതുമാണ് കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഏറ്റവും സഹായകരമായ സമ്പത്ത്” എന്ന് ഡോ: അമര്‍ത്യാസെൻ കേരളത്തെക്കുറിച്ച് പറഞ്ഞത്. നാളിതുവരെ കൈവരിച്ച നേട്ടങ്ങളില്‍ നിന്ന് ഒരു പുതിയ തലത്തിലേക്ക് പ്രാദേശിക സര്‍ക്കാരുകൾ ഉയരണം എന്നാണു ഇപ്പോൾ കേരളം ചിന്തിക്കുന്നത്. സുസ്ഥിര സാമ്പത്തീക വളര്‍ച്ചയും കൂടുതൽ പ്രാദേശിക സാമ്പത്തീക വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് നമുക്ക് ഏറ്റെടുക്കാനുള്ളത്.
ജനകീയാസൂത്രണ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രാദേശിക ആസൂത്രണത്തിനായുള്ള ചര്‍ച്ചകളും മുന്നൊരുക്കങ്ങളും നടത്തിയ പഞ്ചായത്താണ് മയ്യില്‍. 1990 ലെ സാക്ഷരതാ പ്രവര്‍ത്തനം ഉയര്‍ത്തിയ ആവേശം, 1991 ലെ വിഭവ ഭൂപട നിര്‍മ്മാണം,സാമൂഹ്യ സാമ്പത്തീക സര്‍വ്വേ,തുടങ്ങിയവ. ജനകീയാസൂത്രണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ വികസന രേഖയും തുടര്‍ന്ന് 1996 ജനുവരി 17 ൽ നടന്ന വികസന സെമിനാറും ആസൂത്രണ പ്രവര്‍ത്തനത്തിലേക്കുള്ള പുതിയ ദിശാബോധം നല്കുകയുണ്ടായി. തുടര്‍പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടത്തുന്നതിനു 1991 മുതല്‍ ആരംഭിച്ച പഠനങ്ങളും വിവരശേഖരണ പ്രവര്‍ത്തനങ്ങളും ഏറെ സഹായിച്ചിട്ടുണ്ട്. നീരൊഴുക്ക് ഭൂപട നിര്‍മ്മാണമായിരുന്നു അതില്‍ പ്രധാനം. കാര്‍ഷിക വികസന പരിപാടികള്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്യുന്നതിന് ഈ പഠന പ്രവര്‍ത്തനങ്ങളെല്ലാം ഏറെ സഹായകരമായി.
അധികാരവികേന്ദ്രീകരണ പ്രക്രിയയില്‍ ദീര്‍ഘവീക്ഷണത്തോടെ ഇടപെടാന്‍ കഴിയ്യുക എന്നത് നിസ്സാര കാര്യമല്ല. ഉത്പ്പാദനമേഖലയില്‍ നവീന ആശയ രൂപീകരണവും സാങ്കേതികവത്ക്കരണവും ലോകത്തെമ്പാടും നടക്കുമ്പോള്‍ തന്നെ മയ്യിലില്‍ ഈ ആശയത്തിന്റെ പ്രയോഗവത്ക്കരണത്തിനു സാധിച്ചിട്ടുണ്ട്. അത് ഈ നാടിന്റെ വികസന മനനപ്രക്രിയയുടെയും വികസന തുടര്‍ച്ചയുടെയും പ്രതിഫലനമാണ്. കുറെ നല്ല മനസ്സുകളുടെ ചിന്തയും പ്രവര്‍ത്തനവും അതിനു പിന്നിലുണ്ട്. നമ്മുടെ നാടിന്റെ ചരിത്ര ബോധവും കേരള വികസന മാതൃകയുടെ സ്വാംശീകരണവും കൂടിയാണ്. എന്നാല്‍ അതിന്റെ സ്ഥായിത്വവും ഗുണനിലവാരതുടര്ച്ചയും കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്.
മയ്യിലിന്റെ വികസന ആശയവും വികസന വളര്‍ച്ചയും അടിസ്ഥാനപരമായി ഒരു അടിത്തറയിലൂടെ വളര്‍ന്നുവന്നതാണ്. വളര്‍ച്ചയുടെ പ്രാഥമിക ഘട്ടം നാം സാക്ഷാത്ക്കരിച്ചു. ഇനിയങ്ങോട്ടുള്ളത്വലിയ മാറ്റപ്രക്രിയയ്ക്ക് വിധേയമാകാനുള്ള വളര്‍ച്ചയുടെ ഘട്ടമാണ്. ഇത് തരണം ചെയ്യാന്‍ നാം ഇതുവരെ എങ്ങിനെയൊക്കെ പ്രവര്‍ത്തിച്ചുവോ അതിന്റെ പതിന്മടങ്ങ് അധ്വാനവും മനസ്സും സൂക്ഷ്മതയും കാര്യക്ഷമതയും പ്രയോഗിക്കേണ്ടാതായിട്ടുണ്ട്.
അധികാര വികേന്ദ്രീകരണത്തിന്റെ ഉജ്വല നേട്ടങ്ങള്‍ക്കൊപ്പം വേണ്ടത്ര ഫലപ്രാപ്തിയിലെത്താത്ത ചില ലക്ഷ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പ്രാദേശിക സാമ്പത്തീക വികസനമാണ് ഒന്ന്. ജനകീയ രീതിസമ്പ്രദായങ്ങളില് വന്ന ശോഷണമാണ് മറ്റൊന്ന്. ഇവ രണ്ടും മറികടക്കാന്‍ വീണ്ടുമൊരു ജനകീയ പ്രസ്ഥാനം വളര്‍ന്നുവരണമെന്ന് കേരളം ആഗ്രഹിക്കുന്നു. അതാണ് നവകേരളത്തിലൂടെ ലക്ഷ്യമിടുന്നത്.
നവകേരള മുന്നേറ്റത്തോടൊപ്പം നമുക്ക് വളരാന്‍ കഴിയണം. സാമൂഹിക പാരിസ്ഥിതിക മുന്നേറ്റത്തില്‍ പങ്കാളിയാവാനും അതിന്റെ പ്രതിഫലനം സമൂഹം അനുഭവിക്കുകയും ചെയ്യുന്ന, പ്രാദേശിക സാമ്പത്തിക വിതരണ ശ്രുംഖല സൃഷ്ടിക്കാന്‍ കഴിയുന്ന, സുസ്ഥിര തൊഴില്‍ ഉറപ്പു വരുത്താന്‍ കഴിയുന്ന, നൂതന അറിവുകളും സാങ്കേതികതയും ഉള്‍ച്ചേര്‍ക്കാന്‍ കഴിയുന്ന, സുസ്ഥിര വികസന മുന്നേറ്റ ധാരകളെല്ലാം സ്വാംശീകരിക്കപ്പെടുന്ന, നിലനിര്‍ത്തപ്പെടുന്ന, പ്രതിഫലനങ്ങള്‍ വിശകലനം ചെയ്യപ്പെടുന്ന, പ്രാദേശിക വിഭാവാധിഷ്ടിത മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കികൊണ്ട് ഒരു വികസന മുന്നേറ്റമാണ് ഇനി നമുക്ക് ഏറ്റെടുക്കാനുള്ളത്. വൈവിധ്യവത്ക്കരണവും വിപുലീകരണവും അനിവാര്യമായി വന്നിരിക്കയാണ്.ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇനിയും നാം ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തേണ്ടാതായിട്ടുണ്ട്. സമൂഹമാകെ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഒരു സാംസ്കാരികതലം സൃഷ്ടിക്കുന്നതുവരെ .... ഇത് തുടരും.
എല്ലാ വികസന നേട്ടങ്ങളും അളവുപരമായി വിലയിരുത്തപ്പെടണം.പ്രതിഫലനങ്ങള്‍ വിശകലനം ചെയ്യപ്പെടണം. മയ്യില്‍ ഗ്രാമപഞ്ചായത്തിന്റെ ജനജീവിത സാഹചര്യങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളും ശരിയാംവണ്ണം വിലയിരുത്തപ്പെടണം. ഭൂ ഉടമസ്ഥതാ വിസ്തൃതി കുറയുന്നു എന്നത് ഗൌരവതരമായ സംഗതിയാണ്. ജനസംഖ്യാ വര്‍ധനവ്, കെട്ടിടങ്ങളുടെ വര്‍ധനവ്, മൈഗ്രേഷന്‍ തോതിലുള്ള വളര്‍ച്ച, പൊതു വികസനത്തിനുള്ള ഭൂമിയുടെ കുറവ്, ജല ഉപയോഗം, ഊര്‍ജ ഉപയോഗം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, കാര്‍ഷിക നവീകരണം,പരിസ്ഥിതിസുരക്ഷ, ജൈവ വൈവിധ്യ സംരക്ഷണം, ശുചിത്വം, നഗരവത്ക്കരണം, സാമൂഹ്യ ദുരന്തങ്ങളുടെ തോത് കുറയ്ക്കല്‍, പ്രകൃതി ദുരന്ത മുന്‍കരുതല്‍, തുടങ്ങി തന്ത്രപ്രധാനമായ കാര്യങ്ങളും പരിശോധിക്കപ്പെടണം.
ശേഷീ വര്‍ധന, പ്രചോദനം, ജനങ്ങളോടുള്ള സമീപനം, സേവന തത്പരത, സേവന ഗുണനിലവാരം തുടങ്ങിയ കാര്യങ്ങളില്‍ വിവര സാങ്കേതിക വിദ്യയുടെ അനുയോജ്യമായ പ്രയോഗത്തിലൂടെ മയ്യില്‍ ഗ്രാമപഞ്ചായത്തിന്റെ പൊതു കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. വിജ്ഞാന– വികസന - ആസൂത്രണ പ്രക്രിയക്കാവശ്യമായ വിവരങ്ങള്‍ (Database) തയ്യാറാക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കും.അതിനായി ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുക,അയല്‍സഭയും ചെറു ക്ലസ്റ്ററുകളും രൂപീകരിച്ച് ജനങ്ങളുടെ വികസന പങ്കാളിത്തം വര്‍ധിപ്പിക്കുക, തനതുവരുമാനവും നികുതി വരുമാനവും കാര്യക്ഷമമാക്കുക, നികുതിനഷ്ടവും ഒഴിവാകലും കണ്ടെത്തി പരിഹരിക്കുക, വിഭവ സമാഹരണത്തിലൂടെ കൂടുതല്‍ പദ്ധതികളുടെ സാധ്യത പഠിക്കുക,സംയോജിത സാധ്യതകള്‍ കണ്ടെത്തുക, എന്നതും മയ്യിലിന്റെ വികസന വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും.
കാര്‍ഷിക മേഖലയെ ചേര്ത്ത്പിടിച്ചുള്ള വികസന തന്ത്രമെന്നത് മയ്യിലിന്റെ കൃഷിയോടുള്ള ആത്മബന്ധമാണ്. സാമൂഹിക രാഷ്ട്രീയ ഭൂമികയില്‍ അതൊരു വൈകാരിക ബന്ധം കൂടിയാണ്. ‘കൃഷിഭൂമി കൃഷിക്കാരനെന്ന’ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് മുന്നേറിയ ഭൂ ബന്ധിത സാമൂഹ്യ രാഷ്ട്രീയ ജീവിതം. ഈ വികസന രാഷ്ട്രീയത്തിലൂടെ ശക്തമായ പരിവര്‍ത്തനോന്മുഖ വികസന കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനും നടപ്പാക്കുന്നതിനും സാധിച്ചു.
പുതിയ തൊഴിലും സംസ്കാരവും വിദ്യാഭ്യാസ മുന്നേറ്റവും പ്രവാസ സാന്നിധ്യവും ജനജീവിതത്തെവലിയതോതില് മാറ്റങ്ങള്‍ക്കു വിധേയമാക്കി. പുതിയ തൊഴിലവസരങ്ങളും മെച്ചപ്പെട്ട വേതനവും ഈ മാറ്റത്തിനു വേഗത കൂട്ടി. കൃഷി രണ്ടാം പരിഗണയിലേക്ക് വന്നു. കാര്‍ഷിക രംഗത്ത് മുരടിപ്പുണ്ടായി. 1990 കള്‍ മുതലുള്ള വലിയ കൂട്ടായ്മകള്‍ വയല്‍കൃഷി രംഗത്ത് ഏറെ സ്വാധീനം ചെലുത്താനും കര്‍ഷകര്‍ക്ക് ആത്മ വിശ്വാസം ഉണ്ടാക്കുന്നതിനും സഹായകരമായിരുന്നു. എന്നാല്‍ പല ഘടകങ്ങളും - സ്ഥായിയായ കാര്‍ഷിക സജീവതനിലനിര്ത്താന് കഴിയാതെ പോയിട്ടുണ്ട്. അതിലൊരു വലിയ മാറ്റം വന്നത് ജനകീയാസൂത്രണത്തോടുകൂടിയാണ്. വലിയ മുന്നേറ്റത്തിനു നിദാനമാവുകയും പങ്കാളിത്ത കൃഷിരീതിക്ക് വലിയ പ്രാധാന്യം ലഭിക്കുകയും ചെയ്തു.കാര്‍ഷിക രംഗത്ത് മയ്യില്‍ മോഡല്‍ കൃഷിരീതി രൂപം കൊണ്ടു. അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ ഉത്പ്പാദനം ഇരട്ടിയാക്കാന്‍ കഴിഞ്ഞു എന്നത് കര്‍ഷകര്‍ക്ക് വലിയ ആവേശം പകര്‍ന്നു. ഇതിനിയും വര്‍ധിപ്പിക്കാന്‍ സാധിക്കണം. സുസ്ഥിരത ഉണ്ടാക്കാന്‍ കഴിയണം. തുടര്‍ച്ച ഉറപ്പാക്കണം. അതായിരിക്കണം നമ്മുടെ ഭാവി പ്രവര്‍ത്തനം.
ഉത്പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുക, ക്ഷമത വര്‍ധിക്കുമ്പോള്‍ ഉത്പ്പന്ന ശേഖരണം,സൂക്ഷിപ്പ്,മൂല്ല്യവര്‍ദ്ധിത ഉത്പ്പന്ന നിര്‍മ്മാണവും, വിപണന തന്ത്രവും രൂപപ്പെടുത്തിസുസ്ഥിര വരുമാന സാധ്യതയും ഉറപ്പുവരുത്താന്‍ കഴിയണം.കൃഷി അനുബന്ധ മേഖലകളിലും കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാവണം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. പ്രാദേശിക ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണം. പുരയിടങ്ങള്‍ പോഷകസമ്പുഷ്ടമാകണം. അത് നമ്മുടെ ജീവനും സംസ്കാരവുമാകണം. പൊതു സമൂഹം നിര്‍ബന്ധമായും അംഗീകരിക്കേണ്ടതും സാമൂഹ്യ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നതുമായ ഒരു സമൂഹ വളര്‍ച്ചയെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. മയ്യിലിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനുള്ള സംഘടിതമായ പങ്കാളിത്ത - വികസന – വിജ്ഞാന – സാമ്പത്തീക മുന്നേറ്റ ഇടപെടലാണ് അനിവാര്യമായിട്ടുള്ളത്.
കാലാവസ്ഥാ വ്യതിയാന പ്രശ്നപരിഹാരത്തിന് പ്രാദേശിക കര്‍മ്മ പദ്ധതി, കാലാവസ്ഥാ മാറ്റം വിളകളില്‍ ചെലുത്തുന്ന സ്വാധീനം കണ്ടെത്തുകയും മനസ്സിലാക്കുകയും പ്രതിവിധി കണ്ടെത്തുന്നതിനുള്ള പദ്ധതി,AI അധിഷ്ഠിത തീരുമാന പിന്തുണ,പൂർണ്ണവും തത്സമയവുമായ കാർഷിക ഡാറ്റയുള്ള ആദ്യ ഗ്രാമം,മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് ഉണ്ടാക്കുന്നതിനുള്ള സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുക, നിലവിലുള്ളവയുടെ വിപുലീകരണ സാധ്യത പഠിച്ച് പദ്ധതി തയ്യാറാക്കുക,കൃഷിയും ടൂറിസവും ചേര്‍ത്തുള്ള പദ്ധതിക്ക് പഞ്ചായത്തിന്റെ തീരങ്ങളില്‍ ടൂറിസം പാക്കേജ് ഉണ്ടാക്കുക, തുടങ്ങി നവീന ആശയങ്ങള്‍ വികസനകാര്യങ്ങളില്‍ ഉള്‍ച്ചേര്‍ക്കാന്‍ പരിശ്രമിക്കും.
സമഗ്രമായ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയെന്നത് ശ്രമകരമായ പ്രവര്‍ത്തനമാണ്. കൃത്യമായ അടിസ്ഥാന വിവരങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമേ ഇത് സാധ്യമാകൂ. അതിനുള്ള വിവര ശേഖരണ പ്രവര്‍ത്തനമാണ് ആദ്യം നടക്കേണ്ടത്. പ്രാദേശിക വിഭാവാധിഷ്ടിത മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കികൊണ്ട് ഒരു വികസന മുന്നേറ്റമാണ് ഇവിടെ ലക്ഷ്യമിടുന്നത്. തദ്ദേശ തലത്തില്‍ ഇക്കാര്യങ്ങളെല്ലാം എങ്ങിനെ സംയോജിപ്പിക്കാം എന്നതിന്റെ പ്രായോഗിക പരീക്ഷണം കൂടിയായിരിക്കണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍.
മണ്ണ് – വെള്ളം – പരിസ്ഥിതി – ഭക്ഷ്യസുരക്ഷ – വിദ്യാഭ്യാസം,- തൊഴില്‍ - ആരോഗ്യസുരക്ഷ – ക്ഷേമ ഇടപെടലുകള്‍ - സുരക്ഷിത സാമൂഹ്യ അന്തരീക്ഷം തുടങ്ങി എല്ലാ സൂക്ഷ്മ ഘടകങ്ങളും ശ്രദ്ധിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും വേണം.അതോടൊപ്പം സാമൂഹ്യ രാഷ്ട്രീയ വികസന സംവിധാനങ്ങളുമായി വിശദമായ ചര്ച്ചയുംപദ്ധതി നടപ്പാക്കാന്‍ ആവശ്യമായ പിന്തുണയും സഹായവും വേണം. സംസ്ഥാനത്തും പുറത്തും ലഭ്യമായ എല്ലാ സാങ്കേതിക സംവിധാനങ്ങളുടെയും സഹകരണവും സാന്നിധ്യവും ഈ പ്രക്രിയയ്ക്ക് അനിവാര്യമാണ്.